പുതുവത്സരത്തിന് ഒറ്റ ദിവസം 105 കോടിയുടെ മദ്യം! ഏറ്റവും കൂടുതൽ മദ്യം വിറ്റത് ....


        
പുതുവത്സര മദ്യവിൽപ്പനയിൽ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വിൽപ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തിൽ 97.13 കോടി രൂപയുടെ വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വിൽപ്പനയിലുണ്ടായ വർദ്ധന. ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് (92.89 കോടി രൂപ) ഏറ്റവുമധികം വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോൾ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വെനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.

കടവന്ത്രയിലും റെക്കോഡ് കുടി

ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപയുടെ മദ്യം വിറ്റഴിച്ച് കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലറ്റ്. ഡിസംബർ 31 ന് 1,00,16,610 രൂപയുടെ വില്പനയാണ് കടവന്ത്ര ഔട്ട്ലറ്റിൽ നടന്നത്. കൊച്ചി രവിപുരം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. 95,08,670 രൂപയുടെ വില്പനയാണ് രവിപുരം ഔട്ട്ലറ്റിൽ നടന്നത്. 82,86,090 രൂപയുടെ വിൽപ്പന നടത്തിയ മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.


Previous Post Next Post