വനമേഖലയിൽ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയത് 11 കുരങ്ങുകളുടെ ജഡങ്ങൾ; ലബോറട്ടറി ഫലത്തിനു ശേഷം കാരണം സ്ഥിരീകരിക്കാനാകൂ എന്ന് ഉദ്യോ​ഗസ്ഥർ


കർണാടകയിലെ തുമകൂരുവിലുള്ള വനമേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലങ്കൂറുകൾ ഉൾപ്പെടെ 11 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തുമകൂരു താലൂക്കിലെ ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിലാണ് സംഭവം. 200 മുതൽ 500 മീറ്റർ വരെ ചുറ്റളവിലാണ് 11 കുരങ്ങുകളുടെയും ജഡങ്ങൾ കണ്ടെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കുരങ്ങുകൾ ചത്തതുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെയോടെ കൂടുതൽ കുരങ്ങുകളെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഭക്ഷ്യവിഷബാധയുണ്ടെന്ന സംശയമാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കുരങ്ങുകളുടെ അന്നനാളത്തിലും,  കുടലിലും അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകൾ എന്തെങ്കിലും അവശിഷ്ടമോ ചീഞ്ഞതോ ആയ ഭക്ഷണം കഴിച്ചിരിക്കാമെന്ന് ഒരു മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുരങ്ങുകളുടെ വായയുടെയും കഴുത്തിന്റെയും ഭാഗങ്ങളിൽ നീലകലർന്ന നിറം കാണപ്പെട്ടതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് വിഷബാധയുണ്ടെന്ന സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മറ്റെന്തെങ്കിലും രോ​ഗത്തിന്റെ സാധ്യത നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ലബോറട്ടറി ഫലം വിശകലനം ചെയ്ത ശേഷം മാത്രമേ കൃത്യമായ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ ഒരു ലബോറട്ടറിയിലേക്കും ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും (എഫ്എസ്എൽ) അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ ഉടൻ ലഭിക്കുമെന്നാണ് സൂചന. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Previous Post Next Post