ജയില്‍പുള്ളികളുടെ വേതനം വര്‍ധിക്കും; ദിവസ വേതനം 152 രൂപയില്‍ നിന്ന് 630 രൂപയാകും.



തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ജയില്‍ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ വേതനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ തടവുപുള്ളികളുടെ വേതനം വര്‍ധിപ്പിക്കുന്നത്. 2018 ലാണ് ഇതിന് മുന്‍പ് ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിച്ചത്.  മിനിപ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധനവ്. സ്‌കില്‍ഡ് ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ദിവസ വേതനം 620 രൂപയായിരിക്കും. നേരത്തെ ഇത് 152 രൂപയായിരുന്നു വേതനം. സെമി സ്‌കില്‍ഡ് ജോലി ചെയ്യുന്നവര്‍ക്ക് 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലി ചെയ്യുന്നവര്‍ക്ക് 530 രൂപയും ആയിരിക്കും പ്രതിദിന വേതനം. നേരത്തെ ഇത് യഥാക്രമം 127 രൂപയും 63 രൂപയും ആയിരുന്നു. ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇതിനകം വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ജയില്‍ മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തടവുകാരുടെ വേതനത്തില്‍ കാലോചിതമായ വര്‍ധനവ് വരുത്താവുന്നതാണ് എന്നും ജയില്‍ മേധാവി പറഞ്ഞു. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കണം.ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം അവര്‍ക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള സമ്പാദ്യം ഉറപ്പാക്കുന്നതിന് വര്‍ധനവ് അനിവാര്യമാണെന്നും ജയില്‍ മേധാവി ശുപാര്‍ശ ചെയ്തു. 

സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്‌ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജയിലിലെ ശിക്ഷാ തടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് വേതന പരിഷ്‌കരണത്തിന്റെ ആനൂകൂല്യം ലഭിക്കും. വേതന പരിഷ്‌കരണത്തിലൂടെ 3000 ത്തിലധികം ജയില്‍പുള്ളികള്‍ക്ക് വേതനം വര്‍ധിക്കും. 

കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവാണ്. അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ല. അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി കൂടിയാണ്. വിവിധ ഉല്‍പാദന - നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കണം. ജയില്‍ ചട്ടങ്ങള്‍ പ്രകാരം അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കാം,' ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളര്‍ത്തുന്നതിനും സഹായിക്കുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയില്‍ അന്തേവാസികള്‍ക്ക് സഹായകമാകുന്നതാണ് വേതന പരിഷ്‌കരണംനിലവില്‍ അധിക വേതനം ലഭിച്ച്‌ വരുന്നതിനാല്‍ നെട്ടുകാല്‍ത്തേരി, ചീമേനി എന്നീ തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കും.


Previous Post Next Post