
പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് മൂൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നൗഷാദ് നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മുൻപ് നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു.
ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും, ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെൺകുട്ടിയെ മദ്യം നൽകി ക്രൂര പീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. കേസിൽ നൗഷാദിനായി അഭിഭാഷകനായ എ കാർത്തിക് ഹാജരായി. നിലവിൽ ഇയാൾ ഒളിവിലാണ്. കേസിൽ പ്രതിയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.