
ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം 2017 ൽ തന്ത്രിയ്ക്ക് കൈമാറിയത് താൻ അറിയാതെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ രാഘവന്‍റെ വാദം പൊളിയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാജിവാഹനം തന്ത്രിയ്ക്ക് കൈമാറുന്ന അന്നത്തെ ചടങ്ങിൽ രാഘവനും പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 2017 ലെ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണനെയും കോൺഗ്രസ് പ്രതിനിധിയായ അന്നത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെയും കുടുക്കും വിധമായിരുന്ന ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ പ്രതികരണം. പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് 2012 ദേവസ്വം ഉത്തരവ് മറികടന്നായിരുന്നു എന്നും രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കൈമാറ്റ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ രാഘവനും വിനയാകുകയാണ്. പ്രയാറിനും തറയിലിനുമൊപ്പം രാഘവനും ചടങ്ങിലുണ്ട്. അന്നത്തെ കൈമാറ്റ ചടങ്ങിനെ സംശയിക്കുന്ന എസ് ഐ ടിയ്ക്ക് ഇനി അജയ് തറയിലിനെ ചോദ്യം ചെയ്യുകയാണെങ്കിൽ രാഘവനെയും ചോദ്യം ചെയ്യേണ്ട സ്ഥിതിയാണ്.