പാലക്കാട് മുതലമടയിലും സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു.
ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതിനിടെയാണെന്ന വിമർശനം വ്യാപകമായിട്ടുണ്ട്. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇ ഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.