മകരവിളക്ക് ബുധനാഴ്ച, വെർച്വൽ ക്യൂ ബുക്കിങ് 30,000 മാത്രം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉൾക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെടും. തിങ്കൾ പകൽ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

മകരവിളക്ക് ദിവസമായ 14ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്ക് മാത്രമായിരിക്കും. 13ന് 35,000 പേർക്കും 15 മുതൽ 18 വരെ 50,000 പേർക്കും 19ന് 30,000 പേർക്കും പാസ് അനുവദിക്കും. സ്‌പോട്ട് ബുക്കിങ് 5000 പേർക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീർത്ഥാടകർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്കും തീർഥാടകരെ അനുവദിക്കില്ല.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകൽ 12 മുതൽ സന്നിധാനത്ത് കർശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിയ്ക്ക് മുകളിലുള്ള ഭാഗത്ത് (ഫ്‌ലൈ ഓവർ ഉൾപ്പെടെ) 5000 പേരിൽ കൂടുതൽ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീർഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
أحدث أقدم