
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ. 46 തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. ആകാശ എയർ വിമാനത്തിൽ പോകേണ്ടിയിരുന്ന തീർത്ഥാടകരെയാണ് യാത്രയില്‍ നിന്ന് ഒഴിവാക്കിയത്. യാത്രക്കാരെ ഒഴിവാക്കിയത് യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇന്ധനം കരുതാനാണെന്നാണ് വിശദീകരണം. എന്നാല്‍ പകരം യാത്ര എന്നെന്ന് ആകാശ എയർ വ്യക്തമാക്കിയിട്ടില്ല. ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ വ്യോമയാത്രകളില്‍ പ്രതിസന്ധികളുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ മിക്കതും നിർത്തിവെച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പല വിമാനങ്ങളും വടക്കോ, തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതാത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തിയതായി ഫ്ലൈ ദുബൈ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ട് വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചത്. ഇതേത്തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.