
കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പോലീസിന്റെ പിടിയിൽ. കടയ്ക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53കാരനായ സുലൈമാനാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ സുലൈമാൻ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
യുവതി ബഹളം വെച്ചതിനെ തുടർന്ന് സുലൈമാൻ ഓടി രക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കടയ്ക്കൽ പോലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പോലീസ് സുലൈമാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് കടയ്ക്കൽ പോലീസ് വയലാ ഭാഗത്തുനിന്നും സുലൈമാനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.