
മാവേലിക്കര- മാവേലിക്കരയിൽ വയോധികയുടെ മാല കവർന്ന ശേഷം ആറ് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര സ്വദേശിയായ വയോധികയുടെ വീട്ടിലെത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ വള്ളികുന്നം താളിരാടി സ്വദേശിയായ ഷാജഹാൻ ആണ് അറസ്റ്റിലായത്. 2025 ഓഗസ്റ്റ് മാസമാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ബിജു.എ.വി, സബ് ഇൻസ്പെക്ടർ ഉദയകുമാർ, എ.എസ്.ഐമാരായ രാജേഷ് ആർ.നായർ, രജീന്ദ്ര ദാസ്, നൗഷാദ്, സി.പി.ഓമാരായ രാജേഷ്, മിഥുൻ, അശ്വിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.