
സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിച്ച അദ്ദേഹം, മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി. 110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ് ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് പറഞ്ഞ് പരിസിച്ച പ്രതിപക്ഷ നേതാവ്, എൽഡിഎഫിന്റെ കേന്ദ്രസർക്കാർ വിരുദ്ധ സമരത്തെയും പരിഹസിച്ചു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എൽഡിഎഫ് തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്‌തമായ പദ്ധതി ഉണ്ട്. ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണ്. മുഖ്യമന്ത്രി സമരം ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം? ദില്ലിയിൽ പോയാൽ അമിത ഷായും, മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി. പിഎം ശ്രീയിൽ ദില്ലിയിൽ പോയി ഒപ്പുവെച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് 110 സീറ്റ് കിട്ടുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇനി അവർ ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ല. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കും. വാഴ്ത്തുപാട്ടുകാരുടെ വോട്ട് യുഡിഎഫിന് വേണ്ട. കുഴലൂത്ത് നേതാക്കന്മാരുടെ വോട്ട് നമുക്ക് വേണ്ട. തിരുവാതികര കളി, ഡോക്യുമെൻ്ററി, വാഴ്ത്ത് പാട്ട് നടത്തുന്ന സംഘടന വിദൂഷകരുടെ പുനർജന്മമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു