നാല് കോൺഗ്രസ് എംഎൽഎമാർക്ക് നന്ദി പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; നിയമസഭയിലെ ചോദ്യോത്തരത്തിൽ പാളി പ്രതിപക്ഷം


എല്‍ഡിഎഫ് സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് എംഎല്‍എമാരുടെ നിയമസഭയിലെ ചോദ്യങ്ങൾ പാളിയതിന് പിന്നാലെ പ്രതികരിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രിക്ക് ദേവസ്വം ബോർഡിൽ ഒരു കാര്യവും ഇല്ല എന്ന് രേഖാമൂലം വ്യക്തമാക്കിയ റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, കെ ബാബു, സി ആർ മഹേഷ് എന്നിവർക്കാണ് കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി പറഞ്ഞത്. 2021 മുതൽ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തെന്നും സ്ഥലം, തീയതി, സമയം എന്നിവ നൽകാനുമായിരുന്നു കെ ബാബുവിന്‍റെ ചോദ്യം.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മീറ്റിംഗുകളുടെ മിനിട്സിസിന്‍റെ പകർപ്പ് എല്‍ദോസ് കുന്നപ്പിള്ളിൽ ചോദിച്ചു. 2021 മുതൽ ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മീറ്റിംഗുകളുടെ മിനിട്സാണ് സി ആർ മഹേഷ് ആവശ്യപ്പെട്ടത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തെന്നും സ്ഥലം, തീയതി, സമയം എന്നിവ നൽകാനുമായിരുന്നു റോജി എം ജോണിന്‍റെ ചോദ്യം.

ഇതിനെല്ലാം ഒരു ഉത്തരം മാത്രമാണ് മന്ത്രി വി എൻ വാസവൻ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകുപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ലെന്ന് വി എൻ വാസവൻ വ്യക്തമാക്കി.

أحدث أقدم