
പ്രണയവിവാഹം കഴിക്കുന്നവരുടെ കുടുംബങ്ങൾക്ക് പരസ്യമായ വിലക്കേർപ്പെടുത്തി ഒരു ഗ്രാമം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ പഞ്ചേവ ഗ്രാമത്തിലാണ് ഈ വിചിത്രമായ ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നവരുടെ കുടുംബങ്ങൾക്കെതിരെ പരസ്യമായ സാമൂഹിക ബഹിഷ്‌കരണമാണ് ഗ്രാമത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കുടുംബങ്ങളുമായി സാമ്പത്തികമായി ഇടപാടുകൾ നടത്തുകയോ, സാമൂഹികമായി അടുപ്പം പുലർത്തുകയോ ചെയ്യില്ലെന്നാണ് തീരുമാനം. ഇവിടെ നിന്നുള്ള വീഡിയോ വൈറലായി മാറിയതോടെ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ അപമാനകരമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
ഗ്രാമത്തിന്റെ ഉത്തരവ് എന്ന് പറഞ്ഞുകൊണ്ട് പരസ്യമായിട്ടാണ് ഈ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനമനുസരിച്ച്, ഒളിച്ചോടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ഏതൊരു ആൺകുട്ടിയോ , പെൺകുട്ടിയോ ശിക്ഷിക്കപ്പെടുക മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തെയും ബഹിഷ്കരിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. അത്തരം കുടുംബങ്ങളെ ഗ്രാമത്തിലെ പരിപാടികളിലേക്ക് ക്ഷണിക്കില്ല, പാൽ പോലുള്ള ആവശ്യങ്ങൾ നിഷേധിക്കപ്പെടും, തൊഴിൽ നൽകില്ല, വീട്ടിൽ പണിയുണ്ടെങ്കിൽ തൊഴിലാളികളെയും നൽകില്ല, ഗ്രാമത്തിലെ എല്ലാ സാമ്പത്തിക, സാമൂഹിക ഇടപെടലുകളിൽ നിന്നും അവരെ മാറ്റി നിർത്തും എന്നാണ് ഉത്തരവിൽ പറയുന്നത്.
അത് മാത്രമല്ല, ഭൂമി വിൽക്കാനോ, വാങ്ങാനോ സാധിക്കില്ല ആരെങ്കിലും ഈ ഉത്തരവ് ലംഘിച്ച് ഇവരുടെ വീട്ടിൽ ജോലിക്ക് പോവുകയോ, ഇവരെ ജോലിക്ക് വിളിക്കുകയോ, സഹകരിക്കുകയോ ചെയ്താൽ അവർക്കെതിരെയും ബഹിഷ്കരണമുണ്ടാകും. നാട്ടിൽ പ്രണയിച്ചുള്ള മിശ്രവിവാഹങ്ങൾ വർദ്ധിച്ചതോടെയാണത്രെ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. എന്നാൽ, സംഗതി ചർച്ചയായി മാറിയതോടെ ജൻപദ് സിഇഒയും ഉദ്യോഗസ്ഥരും ഗ്രാമം സന്ദർശിക്കുകയും ഈ സാമൂഹിക ബഹിഷ്‌കരണം നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഔപചാരികമായി പരാതി ലഭിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് എസ്ഡിഒപി സന്ദീപ് മാളവ്യ പറയുന്നു.18 വയസ്സുള്ള സ്ത്രീക്കും 21 വയസ്സുള്ള പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ നിയമപരമായ അവകാശമുണ്ടെന്നാണ് നമ്മുടെ നിയമം വ്യക്തമാക്കുന്നത്. സാമൂഹിക ബഹിഷ്‌കരണങ്ങളും പഞ്ചായത്ത് രീതിയിലുള്ള ഇത്തരം ഉത്തരവുകളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.