ബാലന്റെ പരാമർശത്തിലെ ക്ഷീണം മറയ്ക്കാൻ എന്നെ കരുവാക്കി,ഈഴവ പരാമര്‍ശം തന്റെ പ്രസംഗത്തില്‍ കാണാനാകില്ല; കെ എം ഷാജി


തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി ഉപയോഗിച്ചതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുക എന്നത് കടമയായിരുന്നവെന്നും അതാണ് ചെയ്തതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. എ കെ ബാലന്റേത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്നതിന്റെ ക്ഷീണം മറികടക്കാനാണ് തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചത് എന്നാണ് കരുതുന്നതെന്നും കെ എം ഷാജി പറഞ്ഞു. ഏതെങ്കിലും ഒരു ജാതിക്കോ, മതത്തിനോ എതിരെ താന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണ്. ഇപ്പോള്‍ ആര്‍എസ്എസും ഇടതുപക്ഷ സൈബര്‍ വിങുകളും പ്രചരിപ്പിക്കുന്ന ഈഴവ പരാമര്‍ശം തന്റെ പ്രസംഗത്തില്‍ കാണാനാകില്ലെന്നും കെ എം ഷാജി പറഞ്ഞു.

 എ കെ ബാലന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിരിക്കുന്നുത് ഗുരുതര പ്രശ്‌നങ്ങളാണ്. മാറാട് കലാപം പോലെയുള്ള സംഭവങ്ങളെ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി കേരള സമൂഹത്തിലേക്ക് കൊണ്ടിടുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജമാഅത്ത ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു. ഇത് വളരെ ആസൂത്രിതമായ ഒരു പ്രസ്‌താവനയായി  മാത്രമെ കരുതാനാകൂ. ഇതിലൂടെ ഒരു മുസ്‌ലീം ആഭ്യന്തര മന്ത്രിയാകരുത്, ആയാല്‍ കുഴപ്പമാണ് എന്ന സന്ദേശമാണ് ബാലന്‍ പറഞ്ഞുവെച്ചത്. മുസ്‌ലിങ്ങളെല്ലാം തീവ്രവാദികളാണ് എന്ന വളരെ ആസൂത്രിതമായ നിലപാടാണ് ബാലന്‍ സ്വീകരിച്ചതെന്നും കെ എം ഷാജി വ്യക്തമാക്കി.

 കഴിഞ്ഞ ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വര്‍ഗീയതയാണ്. അതിന് മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 10 വര്‍ഷം നാട് ഭരിച്ചിട്ടും ഒരു ഭരണനേട്ടം പോലും പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഷാജി പറഞ്ഞു. റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനത്തിലും കെ എം ഷാജി പ്രതികരിച്ചു. റെജി ലൂക്കോസ് സിപിഐഎമ്മില്‍ നിന്ന് കാവി ധരിക്കുന്നവരുടെ തുടക്കമല്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിന്റെ പ്രകടമായ ഉദാഹരണമാണ് റെജി ലൂക്കോസ്. നാളെ ഇടത് നിരീക്ഷകരുടെ പ്രൊഫൈല്‍ മാറുന്നത് ബിജെപിയിലേക്ക് ആയിരിക്കും. കപ്പിത്താന്‍ കപ്പല്‍ ആര്‍എസ്എസിന്റെ തീരത്തേക്ക് അടുപ്പിക്കുകയാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തി.

 ബുദ്ധിയുള്ളവര്‍ സിപിഐഎമ്മില്‍ നിന്ന് മാറി പോകുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ന്യായീകരിച്ച്, ന്യായീകരിച്ച് കാലക്രമേണ ബിജെപിയിലേക്ക് മാറുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ടാണ് റെജി ലൂക്കോസ് ഒരു സൂചനയാണെന്ന് പറയുന്നത്. മതേതരത്വത്തെ മുറുകെപിടിച്ച്, പോകുന്നവര്‍ പോകട്ടെ എന്ന ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് രാഹുല്‍ ഗാന്ധി. ആ പ്രഖ്യാപനമാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത്. ഇടുപക്ഷത്തെ സംബന്ധിച്ച് നയിക്കേണ്ട ക്യാപ്റ്റനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. മോന്തായം തന്നെ വളഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ബാക്കിയുള്ള കഴുക്കോല്‍ വളയുമെന്ന കാര്യത്തില്‍ സംശയമില്ല. റെജി ലൂക്കോസ് അതിന്റെ ഉദാഹരണമാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

أحدث أقدم