
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം ശക്തമാക്കുമ്പോൾ, കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് എന്നെന്ന ചോദ്യം ചർച്ചയാവുന്നു. കോൺഗ്രസ് നേതാക്കളായ ജി കാർത്തികേയനും കെ സി വേണുഗോപാലും ദേവസ്വം മന്ത്രിമാരായിരുന്ന കാലയളവിലാണ് പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് വിവരം
തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2004ലാണ്, ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ സമയത്ത് ശബരിമലയിലെ താന്ത്രികച്ചുമതല കണ്ഠരര് രാജീവരായിരുന്നു. വളരെപ്പെട്ടെന്നു തന്നെ പരികര്‍മികളില്‍ പ്രധാനിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ 2004 ന് മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2004 നു മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. ഈ ക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പം തുടങ്ങിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കീഴ്ശാന്തിയുടെ സഹായിയായി തുടങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി, വളരെപ്പെട്ടെന്നു തന്നെ സന്നിധാനത്തെ പ്രധാനികളിലൊന്നായി വളര്‍ന്നു. 2007-ലെ ഉത്സവച്ചടങ്ങുകളില്‍ തന്ത്രിയുടെ പിന്നില്‍ പ്രധാന റോളില്‍ ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.