തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
കെ എസ് ആർ ടി സ്വിഫ്‌ട് ഇലക്‌ട്രിക് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാങ്ങപ്പാറ ചെല്ലമംഗലം വാർഡില്‍ പുന്നക്കുഴി രോഹിണിയില്‍ രാജൻ ആശാരിയുടെ മകൻ രാജേഷ് (26) ആണ് മരിച്ചത്. സിസിടിവി ടെക്‌നീഷ്യനാണ്.
ഇന്ന് വാഴവിളയിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണാന്ത്യം. വാഴവിള സ്വദേശിയായ യുവതിയുമായി രാജേഷ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് സമ്മതമായിരുന്നുവെങ്കിലും രാജേഷിന്റെ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് ബന്ധുക്കളില്‍ ചിലർ പറയുന്നത്. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ രാജേഷ് പെണ്‍കുട്ടിയുടെ വീട്ടുകാർ കാട്ടായിക്കോണത്തിന് സമീപം ഏർപ്പാടാക്കിയ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്നും അവർ പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. ചാർജിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിലേയ്ക്ക് ബൈക്ക് ഇടിച്ചുകയറിയായിരുന്നു അപകടമെന്നാണ് വിവരം. അമ്മ: ശ്രീലത. സഹോദരി: രാഖി.