
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വിജയ് നാളെ സിബിഐ ഓഫീസിൽ ഹാജരാകും. ഇതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും താരം ഡൽഹിയിലേക്ക് തിരിച്ചു. വൈകീട്ട് 4.15 ഓടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് നടൻ ഡൽഹിയിലേക്ക് പോയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 12ന് വിജയ് യെ സിബിഐ ആസ്ഥാനത്തുവച്ച് ആറ് മണിക്കൂറിലേറെ ചേദ്യം ചെയ്തിരുന്നു.
പിറ്റേദിവസം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൊങ്കൽ ആഘോഷം പ്രമാണിച്ച് താരം മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് 19 ലേക്ക് മാറ്റിയത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ നിരവധി നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.