കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടകം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡിസംബർ 24-ന് രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ സിദ്ധാർത്ഥിന്റെ കാർ നിയന്ത്രണംവിട്ട് തങ്കരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ തങ്കരാജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടത്തിന് പിന്നാലെ മദ്യലഹരിയിലായിരുന്ന താരം സംഭവസ്ഥലത്ത് വലിയ രീതിയിൽ സംഘർഷമുണ്ടാക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിക്കാനും താരം മുതിർന്നു. ഒടുവിൽ ബലംപ്രയോഗിച്ചാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താരം റോഡിൽ കിടന്ന് ബഹളം വെക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അപകടസമയത്ത് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്നാൽ ഇപ്പോൾ മരണം സംഭവിച്ചതോടെ താരത്തിനെതിരെ നരഹത്യാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് പോലീസ് നീക്കം