
പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് 7 വർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം.
തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു . യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ക്രൂരമായി തല്ലി ചതച്ചത് വിവാദമായിരുന്നു. ടിഞ്ചുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്താനായ കഴുത്തിലിട്ട കയറിലെ കെട്ടാണ് ഈ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. സാധാരണ ഒരാൾ കെട്ടുന്ന രീതിയല്ല, ഒരു തടിക്കച്ചവടക്കാരന്‍റെ കെട്ടാണ് എന്ന സംശയത്തിലെ അന്വേഷണമാണ് പ്രതിയെ വെളിച്ചത്തുകൊണ്ടുവന്നത്. നഷ്ടപരിഹാരത്തുകയായ മൂന്നര ലക്ഷം രൂപ ജീവിതപങ്കാളി ടിജിന് നൽകാനാണ് കോടതി വിധിച്ചത്.