
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദ്യം ചോദിച്ചാൽ കൃത്യമായ മറുപടി തങ്ങൾ നൽകുമെന്നും, അങ്ങനെ മറുപടി കിട്ടിയാൽ ഒറ്റ ചോദ്യത്തിന് പൊട്ടിത്തീരാവുന്ന ബലൂണാണ് അദ്ദേഹമെന്നും പി രാജീവ് പറഞ്ഞു. നിലപാടുകളിൽ മലക്കം മറിയുകയാണ് പ്രതിപക്ഷ നേതാവെന്നും ഇത് അദ്ദേഹത്തിന്റെ അസാധാരണമായ സിദ്ധിയാണെന്നും പി രാജീവ് പരിഹസിച്ചു.
പ്രതിക്ഷ നേതാവിന് ഇതെന്തുപറ്റിയെന്ന് മനസിലാകുന്നില്ല. ഇന്നലെ പറഞ്ഞകാര്യത്തിന് കടകവിരുദ്ധമായത് ഇന്ന് ആധികാരികമെന്ന മട്ടിൽ അവതരിപ്പിക്കാനുള്ള സവിശേഷ സിദ്ധി അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ പറഞ്ഞതല്ല അദ്ദേഹം ഇന്ന് പറയുന്നത്. എന്നാൽ അദ്ദേഹം മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും പി രാജീവ് പറഞ്ഞു. നിയമസഭയിൽ ചോദ്യങ്ങൾ നേരിടാൻ മടിക്കുന്ന സതീശൻ, സഭയ്ക്കുള്ളിൽ മറുപടി നൽകിയാൽ ഒറ്റ ചോദ്യത്തിന് മുന്നിൽ പൊട്ടിത്തീരാവുന്ന ഒരു ബലൂൺ മാത്രമാണ്. വന്ദേഭാരത് വന്നാൽ അതിവേഗ ട്രെയിൻ വേണ്ടെന്ന് പറഞ്ഞ സതീശനാണ് ഇന്ന് അതിവേഗ ട്രെയിനിനെ എതിർക്കില്ലെന്ന് പറയുന്നത്. ഗെയിൽ പൈപ്പ് ലൈനിനെ ഭൂമിക്കടിയിലെ ബോംബ് ആണെന്ന് താൻ പറയുന്ന വീഡിയോ ഉണ്ടെന്നും പദ്ധതിയെ താൻ എതിർത്തിരുന്നുവെന്നുമുള്ള സതീശന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്പ്രിംഗ്ലർ, എ ഐ കാമറ തുടങ്ങിയ വിഷയങ്ങളിലെ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെയും രാജീവ് വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ സമീപകാല പ്രസ്താവനകൾ നീതിന്യായ സംവിധാനത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളവയാണെന്നും വസ്തുതകൾ പരിശോധിക്കാതെ ഇത്തരം ഗൗരവമേറിയ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് കുറച്ചുനാളായി നിലമറന്ന് പോകുകയാണ്. എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. അത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.