
കഴിഞ്ഞ ദിവസം മുബാറക് ഹോസ്പിറ്റലിൽ അജ്ഞാത മൃതദേഹം വീൽചെയറിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തിലെ ദുരൂഹത നീങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മരിച്ച വ്യക്തിയും ഇന്ത്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് പരിശോധനയിൽ മരിച്ച വ്യക്തിയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ മുറിവുകളോ, മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല.
പിടിയിലായവരും, മരിച്ച വ്യക്തിയും കുവൈറ്റിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരായിരുന്നു. മരണം അധികൃതരെ അറിയിച്ചാൽ തങ്ങൾ പിടിക്കപ്പെടുമെന്നും, നാടുകടത്തപ്പെടുമെന്നും ഭയന്നാണ് ഇവർ മൃതദേഹം രഹസ്യമായി ആശുപത്രിയിൽ എത്തിച്ച് ഉപേക്ഷിച്ചത്. സുഹൃത്ത് മരിച്ചതിനെ തുടർന്ന് ഇവർ മൃതദേഹം സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്ത ശേഷം, ഒരാൾ വീൽചെയർ സംഘടിപ്പിച്ച് മൃതദേഹം അതിൽ ഇരുത്തി വാർഡ് അറ്റൻഡറെ ഏൽപ്പിക്കുകയായിരുന്നു. മറ്റേയാൾ ഈ സമയം കാറിൽ തന്നെ ഇരിക്കുകയായിരുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും, വാഹനത്തിന്റെ വിവരങ്ങളും പരിശോധിച്ചാണ് കുവൈറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതികളെ വലയിലാക്കിയത്. അനധികൃതമായി രാജ്യത്ത് താമസിച്ചതിനും മരണവിവരം മറച്ചുവെച്ചതിനും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഇരയെ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിക്കാനുള്ള നടപടികൾ ഇമിഗ്രേഷൻ വിഭാഗം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.