ശബരിമലയിലെ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ അഴിമതി; വിജിലൻസ് അന്വേഷണ റിപ്പോർട്ട്


ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ അഴിമതി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശബരിമലയിൽ 1.37 ലക്ഷം രൂപയുടെ പടിപൂജ പത്തിരട്ടി വിലക്കാണ് മറിച്ച്‌ വിൽക്കുന്നത്. വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പരാമർശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രത്തിൽ വ്യാപക ക്രമക്കേടുകള്‍ നടന്നു വരുകയാണ്. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

 ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, ഇവ പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന് വിജിലൻസ് റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുള്ളത്. പടിപൂജയാണ് ക്രമക്കേടിൽ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയാനുള്ളത്. തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം, സഹസ്രകലശം, ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, കലശാഭിഷേകം തുടങ്ങിയ വഴിപാടുകളിലും ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നു വരുകയാണ്. തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം എന്നിവയ്ക്ക് 2035 വരെയും, സഹസ്രകലശത്തിന് 2030 വരെയും സ്ലോട്ടുകള്‍ ഒഴിവില്ലെന്നിരിക്കെയാണ് ക്രമക്കേട് വിവരങ്ങള്‍ പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം.

Previous Post Next Post