നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും,അത് ഏത് കനഗോലു ഫാക്ടറിയുടെ ഉത്പന്നമായാലും; വീണാ ജോർജ്


സോഷ്യൽമീഡിയകളിൽ  തനിക്കെതിരെ നടക്കുന്ന നുണപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി പറഞ്ഞുവെന്ന പേരിൽ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ചിത്രങ്ങളുടെയും,  അധിക്ഷേപ കുറിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ വീണാ ജോർജ് പങ്കുവെച്ചു. പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ ഇത് പ്രചരിപ്പിക്കുന്നവരെ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.

പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ, പച്ചനുണ തന്നെയായിരിക്കുമെന്നും,  സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉത്‌പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സോഷ്യൽമീഡിയകളിൽ   പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

Previous Post Next Post