മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം


മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും,  നിലവിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ അശ്വതി വിബിക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം. മറ്റത്തൂർ പഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും സ്വരാജ് ട്രോഫി നേടിയെടുക്കാൻ ഇടയായ പദ്ധതികൾ പരിഗണിച്ചാണ് ക്ഷണം. ദില്ലിയിലെത്തി റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന് അശ്വതി വിബി വ്യക്തമാക്കി.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റത്തൂർ പഞ്ചായത്തിലെ 7 വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്ന് രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് അശ്വതി വിബി വിജയിച്ചത്. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് രണ്ടുതവണ സ്വരാജ് ട്രോഫി പഞ്ചായത്തിന്റെ ലഭിച്ചിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന് മൂന്ന് തവണ സ്വരാജ് ട്രോഫി ലഭിച്ചു. ഈ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നിലവിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ അശ്വതിക്ക് പരേഡ് കാണാൻ പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ളവരുടെ പട്ടിക കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഈ പട്ടിക പരിശോധിച്ചാണ് കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിക്കുക. സംസ്ഥാനത്ത് നിന്ന് അഞ്ച് പേർക്കാണ് ഇത്തവണ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. മറ്റത്തൂരിൽ എൽഡിഎഫിനാണ് മുൻതൂക്കമെങ്കിലും കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ പ്രസിഡൻ്റാക്കിയത് വിവാദമായിരുന്നു.

أحدث أقدم