
തിരുവനന്തപുരം: വികേന്ദ്രീകൃത ഭരണത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിയമന നീക്കങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗികമായ സർക്കാർ അറിയിപ്പോ യോഗ്യരായ ഉന്നത അധികാരികളുടെ അറിവോ ഇല്ലാതെയാണ് ഈ നിയമന പരസ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സർക്കാരിൽനിന്നോ ധനകാര്യ വകുപ്പിൽ നിന്നോ ലഭിക്കേണ്ട നിർബന്ധിത അനുമതികൾ കൂടാതെയാണ് ഇത്തരം നീക്കങ്ങൾ അരങ്ങേറുന്നതെന്നാണ് പരാതി.
വികേന്ദ്രീകരണത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനുമായി സർക്കാർ വാദിക്കുമ്പോൾ, ഇത്തരം നടപടികൾ ഭരണപരവും സാമ്പത്തികവുമായ വലിയ ബാധ്യതകൾ വരുത്തിവെക്കുമെന്നാണ് വിലയിരുത്തൽ. സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ നിയമനങ്ങളെ അട്ടിമറിച്ചുകൊണ്ട് പിഎസ്‌സി പട്ടികകളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും ഈ പ്രക്രിയയിൽ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. 90 ദിവസത്തിൽ കൂടുതൽ നീളുന്ന ഏത് നിയമനവും ധനകാര്യ വകുപ്പിന്റെ അനുമതിയോടെ പിഎസ്‌സി അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. സർക്കാർ ഓർഡറുകളുടെ പിന്തുണയില്ലാതെയാണ് ഇത്തരം നോട്ടിഫിക്കേഷനുകൾ.