
എറണാകുളത്തെ സിറ്റി യൂണിയൻ ബാങ്ക് ശാഖകളിൽ ബോംബ് വച്ചെന്ന സന്ദേശം ആശങ്ക പടർത്തി. രണ്ട് ശാഖകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സി പി ഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പേരിലാണ് ഇ മെയിൽ വഴി കഴിഞ്ഞ ദിവസം രാവിലെ സന്ദേശം എത്തിയത്. എറണാകുളം പള്ളിമുക്ക് ശാഖയിലും ഇടപ്പള്ളി മാമംഗലം ശാഖയിലും വിവിധ ഭാഗങ്ങളിൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിയുണ്ടാകും എന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ ഉടൻ പോലീസിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായതോ അപകടകരമായതോ ആയ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.