സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും അതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതിനായിരം അധ്യാപകരെയാണ് ഉത്തരവ് ബാധിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെതിരെ ഉടന്‍ റിവ്യൂ പെറ്റീഷന്‍ നല്‍കും. ഉത്തരവ് മനസിലാക്കാതെയാണ് പ്രതിഷേധങ്ങളുയര്‍ന്നത്. സര്‍ക്കാര്‍ എന്നും അധ്യാപകര്‍ക്കൊപ്പമാണ്, വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ ടെറ്റ് (കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫില്‍, എംഎഡ് ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുളളവരും ഇനി കെ ടെറ്റ് പാസാകണം. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ ടെറ്റ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണം എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ അധ്യാപക സംഘടനകളുടെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു.