
ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. മഞ്ജുളാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദ്ദേശം നൽകിയെങ്കിലും ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഹരീഷ് പുറകെ എത്തി കൈകൊണ്ട് ബസ്സിൽ അടിച്ചു. ബസിൻ്റെ ഇടതു ഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിൻ്റെ കൈക്ക് പരിക്കേറ്റു.
ഇതിന് പിന്നാലെ ബസ്സിൽ നിന്ന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു.മറ്റൊരു സംഭവത്തിൽ ശബരിമല തീർത്ഥാടനപാതയിൽ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പോലീസ് സ്പെഷ്യൽ ഓഫീസറെ മർദ്ദിച്ചയുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദു (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ടിബി ജംഗ്ഷനിൽ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്പെഷ്യൽ ഓഫിസർ വിശ്രമിക്കുന്നതിനായി തൂക്കുപാലത്തിന് മുൻവശത്തുള്ള ഫുട്പാത്തിന്റെ വശത്ത് ഇരിക്കുമ്പോഴായിരുന്നു മർദ്ദിച്ചത്. വലിയ പാലം വഴി കടന്നു വന്ന നന്ദു സ്പെഷ്യൽ ഓഫീസറെ മുടിയിൽ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുനലൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മിനി പമ്പ എന്നറിയപ്പെടുന്ന ടി ബി ജംഗ്ഷനിൽ വനിതകളും പുരുഷന്മാരും അടക്കം നിരവധി സ്പെഷൽ പോലീസ് ഓഫീസർമാരാണ് രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്. ആദ്യമായാണ് ഒരു വനിതാ ജീവനക്കാരി ഇവിടെ ആക്രമണത്തിനിരയായത്.