ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനത്തിന് അമ്മയ്ക്കൊപ്പമെത്തി.. പ്ലസ് വൺ വിദ്യാർത്ഥി…


ഹരിപ്പാട്: ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൈപ്പൂയ കാവടിയുമായി ബന്ധപ്പെട്ട് മാതാവിനും മുത്തശ്ശനുമൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.

കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയ അദ്വൈതിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്കൂളിലെ പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: ആദിത്യ.

Previous Post Next Post