
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സര്‍ക്കാരിന്‍റെ നേട്ടം അവതരിപ്പിക്കുകയാണ് വേണ്ടതന്നും അതല്ലാതെ ഇപ്പോള്‍ നടത്തുന്ന സമരം നാടകമാണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍, കേരളത്തിന് 72,000 കോടിയാണ് നൽകിയത്. എന്നാൽ, മോദി സര്‍ക്കാര്‍ 3.2 ലക്ഷം കോടി സംസ്ഥാന സര്‍ക്കാരിന് നൽകി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്‍റെ കടം മൂന്ന് മടങ്ങായി വര്‍ധിച്ചു. തൊഴിലില്ലായ്മ 30% മായി ഉയര്‍ന്നു. വിലക്കയറ്റം 8.27%മായും വര്‍ധിച്ചു. സംസ്ഥാനത്ത് 54 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല. 5.5 ലക്ഷം പേര്‍ക്ക് വീടില്ല. ഇത്തരത്തിൽ യഥാര്‍ത്ഥ വസ്തുതകളുടെ തെളിവുകള്‍ നിരത്ത് മുഖ്യമന്ത്രിയുടെ നുണക്കൊട്ടാരം പൊളിക്കുമെന്നും, ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിര്‍ത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
കൂടുതൽ കടമെടുത്താൽ ഇത് ആര് ഏറ്റുവാങ്ങും. വീണ്ടും കടമെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ കഴിവില്ലായ്മയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് നാലു മാസം മുമ്പേ നടക്കേണ്ടതായിരുന്നുവെന്നും രാഹുലിനെ രക്ഷിക്കാൻ കോണ്‍ഗ്രസും, സിപിഎമ്മും തമ്മിൽ അന്തര്‍ധാരയുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേരളത്തിനെതിരായ കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സാമ്പത്തിക സ്ഥിതിയിൽ സംവാദത്തിന് തയ്യാറാണെന്ന പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.