ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട, വിവാഹിതയായ സ്ത്രീ തന്നെയാണ് അത് തീരുമാനിക്കേണ്ടത്; കോടതി


ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്നുള്ള 21 വയസ്സുള്ള സ്ത്രീക്ക് ഭർത്താവിന്റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മൂന്ന് മാസം ​ഗർഭിണിയാണ് യുവതി. ​ഗർഭച്ഛിദ്രത്തിന് അനുമതി തേടി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2025 മെയ് 2 -നാണ് താൻ വിവാഹിതയായത് എന്നും ഭർത്താവുമായുള്ള ബന്ധം വളരെ അസ്വസ്ഥമായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.

നേരത്തെ നടന്ന ഒരു വാദം കേൾക്കലിൽ, ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിനോട് (പിജിഐഎംഇആർ) യുവതിയെ പരിശോധിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എംടിപിക്ക് (Medical Termination of Pregnancy) വിധേയയാകാൻ അവർക്ക് വൈദ്യശാസ്ത്രപരമായി പ്രശ്നമൊന്നുമില്ല എന്നാണ് ബോർഡ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 23 -ലെ റിപ്പോർട്ടിൽ, ഇവർ 16 ആഴ്ചയും ഒരു ദിവസവുമായി ​ഗർഭിണിയാണ് എന്നും, കുഞ്ഞിന് ജന്മനാ വൈകല്യങ്ങളൊന്നുമില്ലെന്നും പറഞ്ഞിരുന്നു. യുവതിയുടെ മാനസികാരോ​ഗ്യവും ബോർഡ് പരിശോധിച്ചിരുന്നു.

കഴിഞ്ഞ ആറുമാസമായി വിഷാദത്തിന്റെയും (Depression) ഉത്കണ്ഠയുടെയും (Anxiety) ലക്ഷണങ്ങൾ യുവതി കാണിക്കുന്നുണ്ട്. ഇതിനായി ചികിത്സ തേടുന്നുണ്ടെങ്കിലും നേരിയ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. വിവാഹമോചന നടപടികൾക്കിടയിലുള്ള ഗർഭധാരണം അവരെ അതീവ മാനസിക പ്രയാസത്തിലാക്കുന്നുണ്ട്. അവരുടെ മാനസികാരോ​ഗ്യത്തിനുള്ള ചികിത്സയും കൗൺസിലിംഗും തുടരേണ്ടതുണ്ട്. എന്നാൽ, സ്വന്തം സമ്മതം (consent) അറിയിക്കാനുള്ള മാനസികാരോഗ്യം അവർക്കുണ്ട്’ എന്നും ബോർഡ് കോടതിയെ അറിയിച്ചു.

Previous Post Next Post