
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്തിറക്കി. വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാൽ കൂടുതൽ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും, പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, രാഹുലിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചു. റിമാന്റ് ചെയ്യുകയാണെങ്കിൽ കൊട്ടാരക്കര ജയിലിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോവുക.
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തിൽ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. തുടർന്ന് ആശുപത്രി വളപ്പിൽ തമ്പടിച്ചു. ഇതോടെ പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു