ഇന്ത്യയിൽ നടക്കുന്ന ലഹരി കടത്തിന്റെ പ്രധാന കണ്ണിയെന്ന് വിശേഷിപ്പിക്കാവുന്ന നൈജീരിയന്‍ സ്വദേശിയെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ലൊകോജോ വില്ലേജില്‍ എയ്ക അഡാഗു ഒക്നെ എന്ന സ്ഥലവാസിയായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബറിൽ നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തിയിരുന്ന അഖില്‍ രാജ്.ജി എന്ന യുവാവിന്റെ വീട്ടില്‍ നിന്നും 50 ഗ്രാം MDMA കണ്ടെടുത്തതാണ് വൻ വഴിത്തിരിവുണ്ടാക്കിയത്. ഈ കേസില്‍ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഖില്‍രാജും കൂട്ടാളിയും ജിം ട്രെയിനറുമായ വിന്‍രാജും ബാംഗ്ലൂര്‍ മത്തിക്കരൈ എന്ന സ്ഥലത്തു നിന്നും കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ജാബിദിൽ നിന്നാണ് MDMA സ്വീകരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബറിൽ അന്വഷണ സംഘം മുഹമ്മദ് ജാബിദ്.എന്‍.എം (31), ഇയാളുടെ കൂട്ടാളി കോഴിക്കോട് സ്വദേശി മുഹമ്മദ് സഹല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാബിദിന്റെ അറസ്റ്റിനു ശേഷം നടത്തിയ അന്വേഷണത്തില്‍ ലൈബീരിയന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പ് ചാറ്റില്‍ മാത്രം ബന്ധപ്പെടുന്ന ഒരു ആഫ്രിക്കന്‍ സ്വദേശിയാണ് ഇയാള്‍ക്ക് വന്‍തോതില്‍ MDMAകൈമാറുന്നത് എന്നും ഇയാളെ നേരില്‍ കണ്ടിട്ടില്ല എന്നും വ്യക്തമായി. എന്നാല്‍ മുഹമ്മദ് ജാബിദ് പണം കൈമാറ്റം ചെയ്ത വിവിധ അക്കൗണ്ടുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍ നൈജീരിയന്‍ പൗരനായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിന്റെ വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് നയിച്ചത്. ഇതിനിടെ രാജ്യം വിട്ടുപോയ ഇയാൾ ഇന്ത്യയിലേക്ക് തിരിച്ചു വരും വഴി കഴിഞ്ഞ ഡിസംബര്‍ മാസം 12ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വയനാട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തിരുന്നു.
കല്‍പ്പറ്റ എന്‍.ഡി.പി.എസ് സ്‌പെഷ്യൽ കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷാ തടങ്കലില്‍ പാര്‍പ്പിച്ചു വരവേയാണ് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്.
2022ല്‍ ഡല്‍ഹി ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠനത്തിനായി വന്ന മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ഇപ്പോള്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. രാസലഹരിക്ക് അടിമയായ ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂരില്‍ ഇയാളുടെ നേതൃത്വത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ലഹരി ഇടപാടിന് ഉപയോഗിക്കുന്ന 8 ഇന്ത്യന്‍ ബാങ്കുകളിലെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളള ആളുകളെ കാരിയര്‍മാരായി ഉപയോഗിച്ച് നടത്തുന്ന ഈ ലഹരി ശൃംഖലയില്‍ ഇയാളെക്കൂടാതെ രാജ്യത്ത് വിദ്യാഭ്യാസത്തിനെന്ന പേരില്‍ എത്തിയിട്ടുളള മറ്റു ചില ആഫ്രിക്കന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുളളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിന്‍, ക്രിപ്റ്റോ കറന്‍സികളാക്കി ഇയാള്‍ നൈജീരിയയിലേക്ക് കടത്തി വരികയായിരുന്നു എന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിനെ കൂടുതല്‍ ചോദ്യം ചെയ്ത് MDMA ഉത്പാദന കേന്ദ്രവും ഇയാളുടെ നെറ്റ് വര്‍ക്കിലെ മറ്റു കൂട്ടാളികളേയും കണ്ടെത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിനൊപ്പം നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗ്ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്.എ, കലേഷ്.കെ, ഗിരീഷ് ലാല്‍.വി.വി എന്നിവര്രുടെ സംഘമാണ് അന്വേഷണം നടത്തിയത്.