കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ ! പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട ശേഷം അരികിൽ കിടന്നുറങ്ങിയ പ്രതിയുടെ നടപടി പോലീസിനെയും, നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.

 

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു,  ആരെയും ചിരിപ്പിക്കുന്ന സംഭവം നടന്നത്. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ രാവിലെ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വൈകാതെ സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് സംഘം യുവാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും പേപ്പറിൽ നിരത്തിയിട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു. സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. വെള്ളയിൽ പോലീസ് റാഫിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉണക്കാനിട്ട കഞ്ചാവിൻ്റെ തൂക്കം ലഭ്യമായിട്ടില്ല. ഇതെവിടെ നിന്ന് ലഭിച്ചു എന്നടക്കം വിവരം ലഭിക്കാൻ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് ലഹരി വിൽപന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട ശേഷം അരികിൽ കിടന്നുറങ്ങിയ പ്രതിയുടെ നടപടി പോലീസിനെയും, നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.

Previous Post Next Post