സാധാരണ രീതിയിലാവില്ല, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വലിയ സൂചന നൽകി കെ സി വേണുഗോപാൽ


അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്‍റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമരപരമ്പരകൾക്ക് കോൺഗ്രസ് സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവഭയമില്ലാത്തവർ ദൈവത്തിന്‍റെ സ്വത്ത് സ്വന്തം സ്വത്താണെന്ന് കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവൺമെന്‍റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്.

എസ്ഐടിയിൽ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകൾ. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവൺമെന്‍റും സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയില്‍ നടന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കൊള്ളയാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാല്ലേ? എസ്ഐടിയെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ ശ്രമിക്കുന്നു എന്നതിന്‍റെ തെളിവാണ് ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും. ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണവും വളരെ വ്യക്തമാണ്. രാജ്യത്തെ തന്നെ ഞെട്ടിച്ച ശബരിമലയിലെ സ്വർണ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2019ലും ഇവര്‍ വിവാദമുണ്ടാക്കി. ശബരിമലയെ വിവാദകേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്നത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ കൊള്ളയുടെ കേന്ദ്രവുമാക്കി ഇപ്പോള്‍ മാറ്റിയിരിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

أحدث أقدم