തൃശൂർ: ഗുരുവായൂരില്‍ വണ്‍വേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷല്‍ പൊലീസ് ഓഫീസർക്ക് ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മഞ്ജുളാല്‍ ജംഗ്‌ഷനിലായിരുന്നു സംഭവം.തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേല്‍പ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിന് പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദേശം നല്‍കിയെങ്കിലും ബസ് മുന്നോട്ടെടുത്തു. ഹരീഷ് പുറകേയെത്തി കൈകൊണ്ട് ബസില്‍ അടിച്ചു. ബസിന്റെ ഇടത് ഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു.
എന്നാൽ പിന്നാലെ ബസില്‍ നിന്ന് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകരും ബസ് ജീവനക്കാരും ഹരീഷിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂർ ടെമ്ബിള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.