
കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയതാണ് പെൺകുട്ടി. തുടർന്നാണ് ഇവർ അടുത്തുള്ള കുറ്റ്യാടി പുഴയിൽ പോയത്.
പെൺകുട്ടി അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തി. നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി ക്ലീറ്റസിൻറെയും ജസ്പിനിൻറെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കുളിക്കാനിറങ്ങുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് പോകുകയായിരുന്നു. ചെറിയതുറ ഭാഗത്ത് വച്ചായിരുന്നു അപകടം. സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.