ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക; പ്രശംസയുമായി സാമ്പത്തിക സർവേ


കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ. ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും, ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സർവേയിൽ പറയുന്നു.

 ദാരിദ്ര്യത്തെയും, ദാരിദ്ര്യ നിർമാർജനത്തെയും കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. അതിദരിദ്രരെ കണ്ടെത്താൻ കേരളം സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ സഹായത്തോടെ കേരളം ദരിദ്രരെ കണ്ടെത്തി. പിന്നാലെ ആധാർ കാർഡ്, റേഷൻ കാർഡുകൾ, ഭിന്നശേഷിക്കാർക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡുകൾ, വോട്ടർ ഐഡികൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷനുകൾ തുടങ്ങിയ അടിയന്തര സേവനങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകി. ഭക്ഷണവും, വൈദ്യപരിചരണവും ഉറപ്പാക്കുന്നതിനാണ് കേരളം മുൻഗണന നൽകിയത് എന്നും സർവേയിൽ പറയുന്നു.

 ഇതിനായി ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകൾ സൃഷ്ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവർ കൃത്യമായി ഇക്കാര്യങ്ങൾ നിരീക്ഷിച്ചു. കുടുംബശ്രീയും ഇത്തരം കാര്യങ്ങളിൽ പ്രശംസനീയമായ പങ്ക് വഹിച്ചുവെന്നും സർവേയിൽ പറയുന്നു

Previous Post Next Post