
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് കുമാർ പരിഹസിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് (AIIMS) വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു, ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പരിഹസിച്ചു. കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹാസരൂപേണയാണ് നേരിട്ടത്. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.