തിരുവനന്തപുരം : പയ്യന്നൂരിലെ പാർട്ടിയുടെ ഫണ്ട് പിരിവിൽ ഇടപെട്ട വിവാദ റിയൽ എസ്റ്റേറ്റുകാരനെ കുറിച്ച് 2022 ലെ അന്വേഷണ റിപ്പോർട്ടിലും പരാമർശം. കടല സതീശൻ എന്നയാളുമായുള്ള ബന്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ച് കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു. 2022ലെ അന്വേഷണ റിപ്പോർട്ട് കുഞ്ഞു കൃഷ്ണന്റെ പല ആരോപണങ്ങളും പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള മലബാർ പ്രസ്സിൽ നിന്ന് സൊസൈറ്റി പ്രസ്സിൽ അച്ചടിച്ചു എന്ന് കാണിച്ചു രസീത് ബുക്കുകൾ പ്രിന്റ് ചെയ്തു. ഇക്കാര്യത്തിൽ ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രസ്സുടമ വിനോദിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കെട്ടിട നിർമ്മാണ ഫണ്ടിനായി ഏരിയാ കമ്മിറ്റിയുടെ പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കുന്നതിന് പകരം ടി ഐ മധുസൂദനും കെപി മധുവും വ്യക്തിപരമായ അക്കൗണ്ടുകളുടെ ഇടപാട് നടത്തിയെന്നും റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ ഇവർ ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് വിശദമാക്കുന്നത്. കണക്ക് അവതരിപ്പിക്കാൻ നാലുവർഷത്തെ കാലതാമസം എടുത്തു.