
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതിന് തൊട്ടുമുൻപ് ഇറാനിയൻ വ്യോമാതിർത്തിയിലൂടെ പറന്ന് ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം. ജോർജിയയിലെ ത്‌ബിലിസിയിൽനിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഇൻഡിഗോയുടെ 6E1808 വിമാനം വ്യാഴാഴ്ച പുലർച്ചെ 2:35നാണ് ഇറാനിയൻ വ്യോമാതിർത്തി കടന്നത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. വ്യോമാതിർത്തി അടയ്ക്കുന്നതിന് മുൻപ് ഇറാനിയൻ വ്യോമാതിർത്തിയിൽ ഉണ്ടായിരുന്ന അവസാനത്തെ ഇറാനിയൻ ഇതര വാണിജ്യ വിമാനം ഇന്ത്യയിലേക്ക് പറന്ന ഇൻഡിഗോ വിമാനമാണെന്നാണ് വിവരം
ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ അനുസരിച്ച്, ഇൻഡിഗോ 6E1808 വിമാനം വിമാനം രാവിലെ 7:03ന് സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങി. ത്‌ബിലിസി-ഡൽഹി സർവീസ് സുരക്ഷിതമായി എത്തിയെങ്കിലും ഇൻഡിഗോയ്ക്ക് മുംബൈ-ത്‌ബിലിസി, ത്‌ബിലിസി-മുംബൈ റൂട്ടുകളിലെ വെള്ളിയാഴ്ചത്തെ സർവീസുകൾ റദ്ദാക്കേണ്ടി വന്നു. അതിനിടെ, ഇറാൻ വ്യോമാതിർത്തി അടച്ചതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ മിക്കതും നിർത്തിവെച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ, തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ , മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതാത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തിയതായി ഫ്ലൈ ദുബൈ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ട് വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചത്. ഇതേത്തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.