
ഏറെ ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ ലഭിച്ച മഴ നാട്ടുകാർക്ക് ആശ്വാസമായെങ്കിലും, മഴയോടൊപ്പം കണ്ട ഒരു അപൂർവ കാഴ്ചയാണ് കളമശ്ശേരി മേഖലയിൽ കൗതുകം സൃഷ്ടിച്ചത്. കളമശ്ശേരി എച്ച് എം ടി – മണലിമുക്ക് കോൺക്രീറ്റ് റോഡിൽ കിലോമീറ്ററുകളോളം നുരയും പതയും പൊങ്ങിയതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളം പതഞ്ഞൊഴുകുന്നത് പതിവാണെങ്കിലും, ഇവിടെ കണ്ട കാഴ്ച സാധാരണയിൽ നിന്ന് വ്യത്യസ്തമായിരുന്നു.
മഴ ആരംഭിച്ചതോടെ റോഡിലൂടെ ഒഴുകിയ വെള്ളം മുഴുവൻ വെളുത്ത നുരയും കട്ടിയായ പതയും രൂപപ്പെടുകയായിരുന്നു. ചില ഭാഗങ്ങളിൽ റോഡ് തന്നെ പതയുടെ പാളിയാൽ മൂടപ്പെട്ടതുപോലെ തോന്നി. ഇതോടെ സംഭവം എന്തുകൊണ്ടാണെന്ന് അറിയാൻ പലരും ആശങ്കയോടെയും കൗതുകത്തോടെയും രംഗത്തെത്തി.