
പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. പിണറായിസവും, മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും, അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.
കേരളം മുഴുവന്‍ യുഡിഎഫിന് ലഭിക്കാന്‍ പോവുകയാണ്. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യുഡിഎഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കുമെന്നും പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത പൂര്‍ണമായും പ്രകടമായിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ പിണറായിസം അവസാനിക്കാന്‍ പോവുകയാണെന്നും, പിണറായിയുടെ തകര്‍ച്ചയ്ക്ക് കാരണം മുഹമ്മദ് റിയാസാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നടപ്പാക്കുന്നത്. എല്‍ഡിഎഫില്‍ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും വ്യക്തമാക്കിയ അന്‍വര്‍ എല്ലാ കാര്യങ്ങളും യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു.