റോഷിയുടെ ഉടക്കിൽ കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റ നീക്കം പ്രതിസന്ധിയിൽ


റോഷിയുടെ ഉടക്കിൽ കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റ നീക്കം പ്രതിസന്ധിയിൽ. പാർട്ടിപിളർത്തിയുള്ള മുന്നണി മാറ്റം ഈ ഘട്ടത്തിൽ ജോസ് കെ മാണി ആഗ്രഹിക്കുന്നില്ല. നിർണായക സ്റ്റിയറിങ് കമ്മിറ്റി നാളെ ചേരുമ്പോൾ നിലപാട് റോഷി ആവർത്തിക്കും. ജോസ് കെ മാണിയെ തടയുന്ന ഏക ഘടവും റോഷി തന്നെയാണ്. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റ ചർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് മുസ്ലിം ലീഗാണ്.

തിരുവമ്പാടിക്കും,  പാലയ്ക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്‍റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്‌ദാനം  ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ചയിൽ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ജോസുമായി സിപിഎം നേതാക്കളും ചർച്ച നടക്കുന്നുണ്ട്.

പരസ്പരം വച്ചുമാറ്റത്തിനായി കോൺഗ്രസ് , ലീഗ് നേതൃത്വങ്ങൾ പരിഗണിക്കുന്ന പ്രധാന സീറ്റുകളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കാനായി തിരുവമ്പാടി വിട്ടുനൽകാനുള്ള സന്നദ്ധതയും ലീഗ് അറിയിച്ചിട്ടുണ്ട്. അതേസമയം, തിരുവമ്പാടിയിൽ പാർട്ടി സ്ഥാനാർഥി തന്നെ മത്സരിക്കും എന്നാണ് മുസ്ലിം ലീഗിന്‍റെ പരസ്യ നിലപാട്. വിശ്വാസവും , വികസനവും സാമുദായിക ഘടകങ്ങളും എല്ലാം ഒരുപോലെ സ്വാധീനിക്കുന്ന മലയോര മണ്ഡലമാണ് തിരുവമ്പാടി.

Previous Post Next Post