പൈപ്പിടാൻ റോഡുകൾ കുത്തിപ്പൊളിച്ചു; ടാറിങ് അവശിഷ്ടങ്ങളും മണ്ണും കൂനപ്പോലെകൂട്ടി; നെടുംകുന്നം-മാന്തുരുത്തി റോഡിൽ അപകടങ്ങൾ പതിവാകുന്നു

മാന്തുരുത്തി: പൈപ്പിടാൻ മാന്തുരുത്തി കവലയിലെ നല്ല റോഡുകൾ കുത്തിപ്പൊളിച്ചു. ടാറിങ് അവശിഷ്ടങ്ങളും മണ്ണും വലിച്ചിട്ട് താത്കാലികമായി മൂടിയിട്ട് മാസങ്ങളായി. മഴക്കാലത്ത് ഇവിടെ ചെളിവെള്ളക്കെട്ടായിരുന്നു.

മാന്തുരുത്തി കവലയിൽ വാഴൂർ റോഡിനോട് ചേർന്നും, നെടുംകുന്നം -മാന്തുരുത്തി റോഡിന്റെ തുടക്കഭാഗവുമാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. കറുകച്ചാൽ ഭാഗത്തുനിന്നുവരുന്ന ഇരുചക്രവാഹന യാത്രികരാണ് പെട്ടെന്ന് കുഴികളിലേക്ക് ചാടുന്നത്.

ബസ്സ്‌റ്റോപ്പിനോട് ചേർന്നുള്ള ഭാഗം പത്തടിയോളം നീളത്തിലാണ് ഇളകി കിടക്കുന്നത്. അപകടങ്ങളുണ്ടായപ്പോൾ നാട്ടുകാർ കുഴികളിൽ മണ്ണും പച്ചിലകളിട്ടും സൂചനനൽകിയിരുന്നു. ഇപ്പോൾ പൂർണമായി തകർന്നുകിടക്കുകയാണ്.

നെടുംകുന്നം-മാന്തുരുത്തി റോഡ് പണിയുമെന്ന കാരണത്താലാണ് കുഴികൾപോലും അടയ്ക്കാൻ പിഡബ്ല്യുഡി തയ്യാറാകാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രിയിലും ബൈക്ക് യാത്രികൻ കുഴിയിൽച്ചാടി വീണിരുന്നു.
Previous Post Next Post