നിരോധിത മരുന്ന് കൈവശം വെച്ചു, എയർപോർട്ടിൽ പരിശോധനക്കിടെ സെലിബ്രിറ്റിയും ഭർത്താവും പിടിയിൽ


കുവൈറ്റിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭർത്താവിനെയും 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടങ്കലിലാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിരോധിത മരുന്നായ ‘ലിറിക്ക’ ഉപയോഗിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്. വിദേശത്തു നിന്ന് വരുമ്പോൾ ലിറിക്ക കൈവശം വെക്കുകയും വിമാനത്താവളത്തിൽ പണം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അതേസമയം പുതുവത്സര രാവിൽ സുബിയയിൽ വെച്ചുണ്ടായ വഴക്കിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കുവൈറ്റ്  സ്വദേശികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ച ജഡ്‌ജി , ഇവരെ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒപ്പം കുവൈറ്റിൽ പുതിയതായി  നിലവിൽ വന്ന ലഹരിമരുന്ന് നിയമം ആദ്യമായി കോടതി പ്രയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് നേരത്തെ ലഭിച്ചിരുന്ന അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചു. 2025 ഡിസംബർ 15ന് നിലവിൽ വന്ന പുതിയ നിയമം പ്രതിക്ക് അനുകൂലമായതിനാലാണ് ജഡ്‌ജി നാസർ സലേം അൽ- ഹൈദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകിയത്.

Previous Post Next Post