പുതിയ ട്രയിനുകൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം



കോട്ടയം: കേരളത്തിൽ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം–ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ട്രയിനുകൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഔദ്യോഗിക സ്വീകരണം നൽകി.ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും ഹാരമണിയിച്ചും പൂക്കൾ വിതറിയും ട്രയിനുകളെ വരവേറ്റു.

കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, സെൻട്രൽ ട്രാവൻകൂർ റബ്ബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ, സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.പുതിയ ട്രയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ മാത്രമേ യാത്രാ ദുരിതത്തിന് യഥാർത്ഥ പരിഹാരം കാണാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പുതിയ മംഗളൂരു എക്സ്പ്രസ് ട്രയിൻ ബംഗളൂരുവിലേക്ക് നീട്ടണമെന്നും, എറണാകുളം–ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് ഏറ്റവും കൂടുതൽ ക്ലേശമെന്നും, ഈ നിർദേശങ്ങൾ നടപ്പാക്കിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. വ്യക്തമാക്കി.
Previous Post Next Post