ആരെയും സമ്മർദ്ദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരില്ല, സഹകരിക്കാൻ താൽപര്യമുള്ളവർ വരട്ടെ, അടൂർ പ്രകാശ്


ആരെയും സമ്മർദ്ദം  ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരില്ലെന്ന് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർ വരട്ടെ, അത് അവരുടെ ആവശ്യപ്രകാരം ആയിരിക്കണം. അല്ലാതെ ഒരാളെ പോലും സമ്മർദ്ദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹമുള്ളവർ അത് ഇങ്ങോട്ട് ആവശ്യപ്പെടണം. അല്ലാതെ അങ്ങോട്ടുപോയി ചർച്ച നടത്തില്ല .ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നുവെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും,  ആ വാർത്തയുടെ ഉറവിടം എവിടെനിന്നാണെന്ന് തനിക്കറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ജോസ് കെ മാണി എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്ന റിപ്പോർട്ടുകളോടായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം.

ഓരോ ദിവസവും മുന്നണിയിൽമാറ്റം നടത്താനുളള ചർച്ചകൾ ഇനി ഉണ്ടാകില്ല. മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാണ്. പാലായിൽ നിന്നുള്ള എംഎൽഎ ആയ അദ്ദേഹത്തെ മാറ്റി നിർത്തിക്കൊണ്ട് ഒരു കാര്യങ്ങളും ആലോചിക്കുന്ന പ്രശ്‌നമേയില്ല. മുന്നണി സംവിധാനത്തിൽ തീരുമാനങ്ങൾ നേരത്തെ എടുത്തിട്ടുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. ഉഭയകക്ഷി ചർച്ചയിലൂടെ അതാത്  പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

 കേരള കോൺഗ്രസ് എം അധ്യക്ഷനായ ജോസ് കെ മാണിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണ്. എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണം. മുന്നണിയിലേക്ക് വരാൻ താൽപര്യമുള്ളവർ വരും, ആരെയും നിർബന്ധിക്കില്ല. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിൽ വിസ്മയങ്ങൾ സംഭവിക്കുമെന്ന് പലപ്പോഴായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു.

 അതേസമയം സിപിഐഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയെ കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. വീട് കയറി വിശദീകരിക്കുന്നത് അവരുടെ രാഷ്ട്രീയമാണ്. ശബരിമല സ്വർണക്കടത്തിൽ വിശ്വാസികൾക്ക് സത്യം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

أحدث أقدم