( പ്രതീകാത്മക ചിത്രം )
കുവൈത്തിലെ അൽ-റുഖായ് മേഖലയിലെ തൊഴിലാളികൾ താമസിക്കുന്ന ചാലറ്റുകളിൽ ബുധനാഴ്ച രാവിലെ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞതിനെ തുടർന്ന് അർദിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പൂർണമായും അണച്ചതായും സംഭവത്തിൽ ഇതുവരെ ആരുടെയും ജീവൻ അപകടത്തിലായതായോ ഗുരുതര പരിക്കുകളുണ്ടായതായോ റിപ്പോർട്ടുകളില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വിലയിരുത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായതോടെ സാധാരണ നിലയിലായതായി റിപ്പോർട്ടുകളുണ്ട്