
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഉമനല്ലൂർക്ഷേത്രം റോഡിൽ അലയൻസ് ക്ലബിന് മുന്നിലാണ് ലോറി മറിഞ്ഞത്. ഡ്രൈവർ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കുഴിയിൽ വെള്ളം നിറഞ്ഞ് കിടന്നിരുന്നതിനാൽ ആഴം വ്യക്തമായിരുന്നില്ല. കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത് അറിയാതെ മണ്ണിട്ട് മൂടിയിരുന്നു. മയ്യനാട് ഭാഗത്ത് കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ വാൽവ് തുറന്നപ്പോൾ കുഴിയിലും റോഡിലും വെള്ളം നിറഞ്ഞു. കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ ആവശ്യത്തിന് മണ്ണിട്ട് മൂടാതിരുന്നതാണ് ടിപ്പർ ലോറിയുടെ ചക്രങ്ങൾ താഴ്ന്നിറങ്ങി അപകടത്തിന് കാരണം. എറെ നേരം പണിപ്പെട്ടാണ് ലോറി കുഴിയിൽ നിന്ന് നീക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങി.